കാതോര്‍ക്കാനൊരു കാലം

Author : ജോസ് പുത്തന്‍വീട്ടില്‍
01 Feb 2017 04:52 AM

പട്ടണത്തിലെ ചരക്കു കടയില്‍ വലിയ തിരക്കാണ്.  കച്ചവടക്കാരന്‍ വരുന്നവര്‍ക്കെല്ലാം ആവശ്യാനുസരണം സാധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.  കച്ചവടം തകൃതിയായി നടക്കുന്നതിനിടയില്‍, കടയുടമ പെട്ടെന്നു കൈകൂപ്പി, കണ്ണടച്ചു കുന്പിട്ടു ധ്യാനനിമഗ്നനായി.  ഇതു കണ്ടുനിന്നവര്‍ അസ്വസ്ഥരായി ബഹളം വയ്ക്കാനും, കോപിക്കാനും തുടങ്ങി.  കച്ചവടം വീണ്ടും തുടങ്ങിയപ്പോള്‍ ഒരാള്‍ കടക്കാരനോടു ചോദിച്ചു: "എടോ, ഈ തിരക്കിനിടയില്‍ താനെന്തു പരിപാടിയാണ് ഈ ചെയ്തത്?" കടയുടമ ശാന്തമായി മറുപടി പറഞ്ഞു: "സഹോദരാ, കച്ചവടം നടക്കുന്നതിനിടയില്‍ അന്പലത്തില്‍ പ്രാര്‍ത്ഥനയ്കുള്ള മണിനാദം കേട്ടു. അതു കൊണ്ടു അല്പനേരം ഒന്നു പ്രാര്‍ത്ഥിച്ചതാണ്.  ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണെ".  "ഞങ്ങളൊന്നും മണിനാദം കേട്ടിലല്ലോ".  കൂടെയുള്ളവരും കൂടെ ചേര്‍ന്നു പ്രതികരിച്ചു.  കച്ചവടക്കാരന്‍ തന്‍റെ ജോലി തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, ആരുടെയോ കൈയ്യില്‍ നിന്നും ഒരു നാണയത്തുട്ടു താഴെ വീണു.  നാണയം വീണതിന്‍റെ ശബ്ദം കേട്ട് എല്ലാവരും അവിടേയ്കു നോക്കി.  കച്ചവടക്കാരന്‍ പറഞ്ഞു: "ബഹളത്തിനിടയില്‍ നാണയത്തുട്ടു വീഴുന്നതിന്‍റെ ശബ്ദം എല്ലാവരും കേള്‍ക്കുന്നു.  പക്ഷെ, പ്രാര്‍ത്ഥനയ്ക്കുള്ള മണിനാദം മാത്രം കേള്‍ക്കാനാവുന്നില്ല." ജീവിതയാത്രയില്‍ അനുനിമിഷം ഈശ്വരനാദം കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതല്ലെ ഈ കാലഘട്ടത്തിന്‍റെ പ്രശ്നം.


നമുക്കൊരു ജീവിതം മാത്രം.  ആ ജീവിതം ഏറെ വിലപ്പെട്ടതാണ്.  അതിനൊരു അര്‍ത്ഥമുണ്ട്, ഒരു ലക്ഷ്യമുണ്ട്.  ഈ ജീവിതം ജനനത്തില്‍ ആരംഭിച്ചു, മരണത്തില്‍ അവസാനിച്ചു നശിച്ചുപോകാനുള്ളതല്ല.  വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഈ ജീവിതം ഈശ്വരനില്‍ ആരംഭിച്ചു, ഭൂമിയില്‍ ആയിരിക്കുന്പോള്‍ ആ ഈശ്വരന്‍റെ ഹിതമനുസരിച്ചു ജീവിച്ചു, അവസാനം ഈശ്വരനില്‍ എത്തിച്ചേര്‍ന്നു ലയിക്കുന്നതാണ്.  തിരക്കു പിടിച്ച ഈ ലോക ജീവിതത്തിരക്കിനിടയിലും, ഭൗതീകതയുടെ ബഹളത്തിനിടയിലും, ഈശ്വരന്‍റെ നിമന്ത്രണങ്ങള്‍ കേട്ടു, ചിന്തിക്കാനും, സംസാരിക്കാനും, പ്രവര്‍ത്തിക്കാനും കഴിയണം.  എത്ര വലിയ കോലാഹാലത്തിനുള്ളിലും, ഹൃദയത്തിന്‍റെ ഉള്ളിന്‍റെയുള്ളില്‍  ഈശ്വരന്‍റെ ശാന്തമായശബ്ദം  ശ്രവിക്കണം.   "മകനേ, മകളേ, ഇതു ചെയ്യണം. ഇതു തിന്മയാണു,  ഇതു ചെയ്യരുത്".  ലൗകീകതയുടെ ബഹളത്തിനു കാതോര്‍ത്തു ജീവിക്കുന്പോള്‍, സാവധാനം ഈശ്വരന്‍റെ സ്വരം കേള്‍ക്കാതെ വരുന്നു.  അപ്പോള്‍ മനുഷ്യന്‍ ചിലപ്പോള്‍ ദൈവത്തിനെതിരായി, അവിടുത്തെ പദ്ധതിക്കു വിപരീതമായി തീരുമാനങ്ങള്‍ എടുത്തു ജീവിക്കുന്നു.  അതാണു പാപം.  പാപാവസ്ഥയില്‍ ഈശ്വരന്‍റെ സ്വരം ശ്രവിക്കല്‍ അസാധ്യമാകുന്നതോടെ ലക്ഷ്യബോധം നഷ്ടപ്പെട്ടു, ജീവിതം അര്‍ത്ഥമില്ലാത്തതാകുന്നു.  പാപം ചെയ്യുന്നവന്‍ സാത്താനു കൂട്ടുനിന്നു അവന്‍റെ സാമ്രാജ്യം വളര്‍ത്താന്‍ സഹായിക്കുകയാണു യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.  ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും  സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നന്മ ചെയ്തു ദൈവത്തിന്‍റെ കൂടെ നിന്നും ദൈവരാജ്യം വളര്‍ത്തുകയാണു വേണ്ടത്.


ഒരുവന്‍ ഈശ്വരനെ മറന്നു ജീവിക്കുന്പോഴും, അവിടുന്ന് ആരെയും മറക്കുന്നില്ല.  കാരണം ഓരോരുത്തരും ദൈവത്തിനു പ്രിയപ്പെട്ടവരാണ്.  അതുകൊണ്ട് അവിടുന്നു അവനെ പുതിയ സൃഷ്ടിയാക്കി മാറ്റുവാന്‍, തന്‍റെ പദ്ധതിക്കനുസരിച്ചു അവനെ മുന്നോട്ടു നയിക്കാന്‍ വീണ്ടും അവന്‍റെ ജീവിതത്തെ സ്പര്‍ശിക്കുന്നു.  അതു മാനസാന്തരത്തിലേക്കും, ജീവിത നവീകരണത്തിലേക്കും ഒരുവനെ നയിക്കും.  അങ്ങനെ ഈശ്വരനിലേക്കു വീണ്ടും  നോക്കാനും, അവിടുത്തെ സൂക്ഷ്മമായി ശ്രവിക്കുവാനും, അകന്നു പോയതു അടുപ്പിക്കുവാനും, അടര്‍ന്നു പോയതെല്ലാം കൂട്ടി യോജിപ്പിക്കുവാനുമുള്ള സമയമാണു ധ്യാനം.  ഒരു പ്രത്യേക സ്ഥലത്തുപോയി കുറച്ചു ദിവസങ്ങള്‍ തന്പുരാനോടു കൂടെയിരുന്നു, അവിടുത്തെ ശ്രവിക്കുന്നതു മാത്രമല്ല ധ്യാനം. തന്പുരാനില്‍ നിന്നും ഏറെ അകലെ പോയവര്‍ക്കു, അവിടുത്തെ സവിധത്തിലേക്കു പെട്ടെന്നു തിരിച്ചു വരുവാന്‍ ഇത്തരം ധ്യാനങ്ങള്‍ സഹായിക്കും.  എന്നാല്‍ ഏതു സ്ഥലത്തായിരുന്നാലും, എത്ര ബഹളത്തിനിടയിലായിരുന്നാലും, ഓരോ നിമിഷവും ഈശ്വരന്‍റെ സ്വരം ഹൃദയത്തിന്‍റെ ശാന്തതയില്‍ ശ്രവിക്കുവാന്‍ തക്കവിധം പ്രാപ്തരാകുക എന്നതാണു പ്രധാനം.  എപ്പോഴും എവിടെയും ഈശ്വരനിലായിരിക്കുക എന്നതാണു ധ്യാനം, അതാണു സന്യാസം.  അപ്പോള്‍ നന്മ-തിന്മകളെ തിരിച്ചറിയുവാനും, നന്മയെ ആശ്ലേഷിക്കുവാനും, തിന്മയെ ധൈര്യപൂര്‍വ്വം ചെറുക്കുവാനും സാധിക്കും.  ആഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുന്പോഴും നിരാശപ്പെടാതെ, അനുപാതത്തിലൂടെ ദൈവസന്നിധിയിലേക്കു തിരിച്ചു വരുവാനും, തന്പുരാന്‍റെ സ്വരം ഉള്ളിന്‍റെയുള്ളില്‍ ശക്തമായി കേള്‍ക്കുവാനും കഴിയും.  അപ്പോള്‍ ആത്മാവിന്‍റെ നിറവില്‍ മനുഷ്യര്‍ ദൈവീകരാകും, ഈ ലോകം ദൈവസാന്നിധ്യത്താല്‍ ദൈവരാജ്യമായി മാറും.

ജോസ് പുത്തന്‍വീട്ടില്‍ പിതാവ്