യേശു ഒരു ധ്യാനാശ്രമം.

Author : ഫാ. ബോബി ജോസ് കട്ടിക്കാട്ടിൽ
15 Dec 2016 12:30 PM

റിട്രീറ്റ് എന്ന ശീലത്തിലേക്ക് മലയാളികൾ എത്തിയിരിക്കുന്ന ഒരു കാലമാണിത്.  നല്ലൊരു നാളേക്കായി വിശ്രാന്തിയിലിരിക്കാനുള്ള ക്ഷണമാണ് ഒരു റിട്രീറ്റ് . ക്രിസ്തുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മറുകരയിലേക്കുള്ള ക്ഷണം . അവിടെ നമ്മുടെ ഏതൊരു ധ്യാനാശ്രമത്തിന്‍റെ മുന്പിലുള്ളതുപോലെ അവന്‍ കൈവിരിച്ചു പിടിച്ച് നില്പുണ്ട്.  'വരിക നല്ലൊരു നാളേക്കായി അല്പനേരം വിശ്രാന്തിയിലിരിക്കുക' എന്നു പറഞ്ഞുകൊണ്ട് ആ പരാശക്തിയുമായുള്ള ആന്തരിക സൗഹൃദം ബലപ്പെടുത്താനും, വിശ്രമത്തിനുമുള്ള ഇടങ്ങളാകട്ടെ നമ്മുടെ ധ്യാനാശ്രമങ്ങള്‍.  ആതിഥേയനായ യേശുരൂപത്തെ നോക്കുന്പോള്‍ അഞ്ച് കാര്യങ്ങളിലേക്ക്അവന്‍ ക്ഷണക്കുറി നല്‍കുന്നുണ്ട്.

1.  വന്നു കാണുക:  ഉത്സവപ്പറന്പിലകപ്പെട്ട ഒരു കുട്ടിയുടെ കൗതുകമോലുന്ന കണ്ണുകളായിരിക്കും ആദ്യം നമുക്ക്.  കൂടാരവും കൂടാരമാറ്റവും, ആശ്രമവും ആശ്രമമുറ്റവും.എല്ലാം പതിയെ പതിയെ പരിചയമാകുന്നു.  പിന്നെ ആതിഥേയന്‍റെ സ്വരം കേള്‍ക്കാനുള്ള കൗതുകം.  ഗുരുപാദങ്ങളില്‍ ഇരുന്ന് വിശ്രാന്തിയുടെ അനുഭവത്തിലേക്ക് മെല്ലെ വഴുതി വഴുതി അങ്ങനെ...

2.  വന്നു പഠിക്കുക: ഗുരുസ്വരം കേള്‍ക്കുന്നവന്‍ അവന്‍റെ ഹൃദയപാഠങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങും. ഗുരു ശിഷ്യനിലേക്ക് പകരുന്നത് സ്വന്തം ഹൃദയം തന്നെയാണ്. ശാന്തനും വിനീതനുമായ എന്നില്‍ നിന്നും പഠിക്കുക.  തീക്കട്ടയോട് ചേര്‍ന്നിരിക്കുന്ന കരിക്കട്ട മെല്ലെ തീക്കട്ടയായി പരിണാമപ്പെടുന്നപോലെ ഗുരുസ്പന്ദനങ്ങള്‍ ശിഷ്യന്‍റെ സ്വന്തമാകും.

3. വന്നു വിശ്രമിക്കുക: നമുക്ക് മറുകരയിലേക്ക് പോയി അല്പം വിശ്രമിക്കാമെന്ന് പറഞ്ഞ് ക്രിസ്തു ശിഷ്യന്മാരെ ക്ഷണിക്കുന്നുണ്ട്. വെറുതെയിരിക്കാനുള്ള ഒരു ക്ഷണമാണിത്. നിര്‍ഭാഗ്യവശാല്‍ അതിനുള്ള ഒരു അനുശീലം നമ്മുടെയുള്ളില്‍ പതിഞ്ഞിട്ടില്ല.  വിശ്രമം ഒരു വാല്മീകമാണ്. അതിനകത്തായിരിക്കുന്പോള്‍ വേടന്‍റെ ആസുരതകള്‍ അടര്‍ന്നു പോവുകയും,എവിടേക്കോ നാടുകടത്തിയ ഋഷിയും കവിയുമൊക്കെ ബോധമണ്ഡലത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.  അതിനുശേഷം ഏതൊരു നിഷാദനും കാരുണ്യത്തിന്‍റെ ഉപനയനമുണ്ടാകും.

4. വന്നു ഭക്ഷിക്കുക: ദൈവത്തെപ്പോലും രുചിച്ചറിയണമെന്ന സങ്കീര്‍ത്തനങ്ങള്‍ പാടുന്നവരുടെ ഭൂമിയിലായിരുന്നു യേശുവിന്‍റെ വാഴ്വ്.  വേദത്തിന്‍റെ ചുരുളുകള്‍ പോലും വായിക്കുന്നുവെന്നല്ല, ഭക്ഷിക്കുന്നുവെന്ന് പറയാനാണ് അവന്‍ ആഗ്രഹിച്ചത്.  വീട്ടുമേശയിലേക്കുള്ള മടക്കയാത്ര.  എന്നും അതിനര്‍ത്ഥമുണ്ടെന്ന് തോന്നുന്നു.  നീ വല്ലതും കഴിച്ചോ എന്ന സ്നേഹപൂര്‍വ്വകമായ അന്വേഷണത്തെക്കാള്‍ ഉള്ള് നിറയ്ക്കുന്ന മറ്റെന്തുണ്ട്? ‍‍ജായ് റോസിന്‍റെ മകളെ ഉയിര്‍പ്പിച്ചശേഷം അവള്‍ക്ക് അന്നം കൊടുക്കൂ എന്നാണ് അവന്‍ പറഞ്ഞത്.  കടല്‍ക്കരയില്‍ പ്രാതലൊരുക്കി അവന്‍ അവന്‍റെ ശിഷ്യന്മാരെ ക്ഷണിക്കുന്നുണ്ട്.  ഒടുവില്‍ സ്വയം അന്നമാകാനുള്ള ക്ഷണവും.  ഈ അപ്പം ഭക്ഷിക്കുന്പോഴൊക്കെ എന്നെ തന്നെയാണ് ഭക്ഷിക്കുന്നത്.  ഈ കോപ്പയില്‍ നിന്നും മൊത്തുന്പോള്‍ എന്‍റെ രുധിരമാണ് കുടിക്കിന്നത്.  ഭക്ഷണത്തെക്കാള്‍ രുചിയുള്ള സ്മൃതിയായി നിങ്ങളെ മറ്റുള്ളവര്‍ കൊണ്ടാടട്ടെ - കുര്‍ബ്ബാനപോലെ........

5. വന്ന് അവകാശപ്പെടുത്തുക: വന്ന് കണ്ട്, വന്ന് പഠിച്ച്,വന്ന് വിശ്രമിച്ച് , വന്ന് ഭക്ഷിച്ച് ഒപ്പം ഇരുന്ന ഒരാളുടെ ഭാഗധേയം വന്ന് അവകാശപ്പെടുത്തുക എന്നതാണ്. എന്തിനെയാണ് അവകാശമാക്കേണ്ടത്? ഗുരുവിനെതന്നെ. ഒരേയൊരു ഓഹരി എന്നൊക്കെ ഓര്‍ത്താല്‍ നല്ലതാണ്. സ്വത്തില്‍ എനിക്കുള്ള ഓഹരി എനിക്കു തരേണമേ എന്ന ധൂര്‍ത്തപുത്രന്‍റെ സ്ഥാനത്ത് നമ്മെ നിര്‍ത്തുക.  എന്‍റെ ഓഹരി അത് അവന്‍ തന്നെയാണ്.

വിജ്ഞാനത്തിന്‍റേയും വിശ്രാന്തിയുടേയുമൊക്കെ ഒരിടം ഒരുക്കി ധ്യാനാശ്രമം നമ്മെ കാത്തിരിക്കുന്നുണ്ട്. കൈവിരിച്ചു പിടിച്ച് അവന്‍ നമ്മെ വിളിക്കുന്നുണ്ട്.

So Go Retreat!