മൗനം പാടുന്നു

Author : ഫാ. ഷാജി പുത്തൻപുരക്കിൽ
15 Dec 2016 11:59 AM


ജീവിതത്തില്‍ സ്മരിക്കപ്പെടേണ്ടതായ ഒരേ ഒരു കാര്യം ദൈവം നമ്മെ സ്നേഹിക്കുന്നു എന്നുള്ളതാണ്, ദൈവത്താല്‍ കൂടുതല്‍ സ്നേഹിക്കപ്പെടുന്പോള്‍ നമുക്ക് മറ്റുള്ളവരേയും കൂടുതല്‍ സ്നേഹിക്കാന്‍ കഴിവുണ്ടാകും. ഞ‍ാന്‍ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നു എന്നുള്ളത് കേവലം ഒരു സ്മരണ പുതുക്കലിന്‍റെ പ്രശ്നം മാത്രമാണ്.  അത് നമ്മുടെ സത്തയുടെ അകക്കാന്പില്‍ ഉണ്ട്.  നാം നിശബ്ദരായിരുന്നാല്‍ മാത്രം മതി.  നൂറു ഡിഗ്രിയില്‍ ജലം ബാഷ്പീകരിക്കപ്പെടുന്ന പോലെ, മൗനത്തില്‍ നമ്മുടെ അഹംബോധം ബാഷ്പീകരിക്കപ്പെടും.  അവിടെ മഹത്തായ ഒരു നിശബ്ദത മാത്രം.  ആ നിശബ്ദതയില്‍ നാം സ്നേഹം തിരിച്ചറിയും.

വേദപുസ്തകത്തിലെ സുവിശേഷങ്ങളില്‍ ആദ്യ അധ്യായങ്ങളില്‍ ധ്യാനാശ്രമത്തിലെ ഇത്തരം ഏതാനും  താപസ്സരെ നമുക്ക് കാണാന്‍ കഴിയും. അവര്‍ തന്നെയാണ് 'ധ്യാനത്തിനു പോകുന്നവരുടേയും', 'ധ്യാനം കൂടുന്നവരുടേയും', 'ധ്യാനിക്കുന്നവരുടേയും' പ്രാഗ്രൂപങ്ങള്‍, ധ്യാനാശ്രമത്തിലെ ആ 'ദൈവക്കോലങ്ങളെ ഒന്ന് കണ്‍തുറന്ന് കണ്ടാലും ! സുവിശേഷപ്പുസ്തകം തുറക്കുന്പോള്‍ സ്വപ്നം കാണുന്ന ജോസഫ് എന്ന പുരുഷനെ നാം കാണും.  ദൈവവിചാരം മാത്രമായിരുന്നു അവന്‍റെ ഉള്ളില്‍.  അവന്‍ ധ്യാനാശ്രമത്തില്‍ ദൈവസ്വപ്നങ്ങളുമായി കഴിഞ്ഞുപോന്നു.  ദൈവം അവനെ സ്നേഹിച്ചു,  അവന്‍ ദൈവത്തേയും, ദൈവം അവനോട് സ്വപ്നങ്ങള്‍ പങ്കുവെച്ചു, അവന്‍ ദൈവത്തോടും.

രണ്ടാമത്തെയാള്‍ സഖറിയാ ആണ്.  ജീവസ്പന്ദനവുമായി ദൂതന്‍ വന്നപ്പോള്‍ സഖറിയാ വല്ലാതെ സന്ദേഹയായി.  തന്‍റെ  ഇത്തിരിപ്പോന്ന യുക്തി കൊണ്ട് അയാള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു.  ജീവനെന്ന അത്ഭുതത്തിനു മുന്നില്‍ കുറച്ചുകാലം മൗനത്തില്‍ പൊരുന്നയിരിക്കുക എന്നതായിരുന്നു അയാള്‍ക്ക്  കിട്ടിയ ഉത്തരം.

മൂന്നാമത്തെയാള്‍ നസ്രത്തിലെ  കന്യക, മേരിയാണ്.  ജീവസ്പന്ദനവുമായി വന്ന ദൂതനെ നസ്രത്തിലെ കന്യക അത്ഭുതത്തോടെ സ്വീകരിച്ചു.  ആദരവോടെ നമിച്ചു.  ദൂതന്‍ കൊടുത്ത ദൂതിനെ അവള്‍ ഇതാ കര്‍ത്താവിന്‍റെ അടിയാട്ടി എന്ന് പറഞ്ഞ് ഹൃദയത്തിലെ മൗനത്തിന്‍റെ ചെപ്പില്‍ മാനം കാണിക്കാത്ത മയില്‍പ്പീലി കണക്കെ സൂക്ഷിച്ചു.

ധ്യാനാശ്രമത്തിലെ ഈ മൂന്നു മൗനകൂടാരങ്ങളില്‍ ഏതെങ്കിലുമൊക്കെയായി നമുക്ക് കൂട്ടുകൂടാവുന്നതാണ്.  ഇവരില്‍ ആരിലെങ്കിലുമൊക്കെ നമ്മുടെ ചില ചിത്താന്തങ്ങള്‍ ഉള്‍ ച്ചേര്‍ന്നു കിടപ്പില്ലേ!  ദൈവത്തെ സ്വപ്നം കാണാനും,ജീവനെന്ന അത്ഭുതത്തിനുമുന്പില്‍ ആദരവോടെ നമിക്കാനും, ജീവിതപ്രശ്നങ്ങളുടെ മുന്പില്‍ സന്ദേഹിയാകാതെ മൗനത്തിന്‍റെ വാല്മീകത്തില്‍‍ പ്രവേശിക്കുക.  ഗോ റിട്രീറ്റ്....